ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ഉണ്ടായിരുന്നു. ഭാഗ്യത്തിന് ദിലീപിന്റെ അമ്മയായി. ജയറാമിന്റെയും അമ്മയായി. ഇടയ്ക്ക് ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്. ആ വേഷം കണ്ടിട്ട് ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോടാണ്.
അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ് ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്. സിനിമാക്കാര്യമാവില്ലെന്ന് ഞാന്‍ ഊഹിച്ചു. എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് രാജു എന്നോട് പറഞ്ഞത്, അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോഡാഡിയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു. അതെന്നെ അത്യധികം സന്തോഷിപ്പിക്കാന്‍ കാരണമുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിന്റെ അമ്മവേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ഞാന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത്.
ലാലുവുമായുള്ള ബന്ധം സിനിമയിലൊക്കെ വരുന്നതിനുമുമ്പേ ഉള്ളതാണ്. ഞങ്ങള്‍ ഒരേ ദേശക്കാരാണ്. പത്തനംതിട്ടയിലെ ഇലന്തൂരാണ് സ്വദേശം. കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ട്. ചിലപ്പോള്‍ ലാലിന്റെ അമ്മ ശാന്തച്ചേച്ചി കുഞ്ഞുലാലിനെ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് പോകുന്നത്. കുസൃതിക്കാരനാണ്, ശ്രദ്ധിച്ചോളാന്‍ പ്രത്യേകം പറയുമായിരുന്നു. ചേട്ടനെ ഏല്‍പ്പിച്ചാണ് പോകുന്നതെങ്കിലും ലാലിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ്. അങ്ങനെ ചെറിയ പ്രായംമുതലേ ലാലിനെ എനിക്കറിയാം. പിന്നീട് സിനിമയിലെത്തിയതിനുശേഷവും ആ സൗഹൃദത്തിന് ഇത്തിരിപോലും കോട്ടം തട്ടിയിട്ടില്ല. എന്നാലും ഇക്കാലത്തിനിടയില്‍ ലാലിനോടൊപ്പം അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ആദ്യഷോട്ട് ഓര്‍മ്മയുണ്ട്. ഒരു വെഡ്ഡിംഗ് റിസപ്ഷനാണ്. ഞാനും ലാലും മീനയുമൊക്കെ ആ ഷോട്ടിലുണ്ട്. ക്യാമറയ്ക്ക് പിറകില്‍ എന്റെ മകനാണ്. അവന്‍ ആക്ഷന്‍ പറയുന്നു. ഞാന്‍ ലാലിനൊപ്പം നിന്ന് അഭിനയിക്കുന്നു. ജീവിതത്തിലേറ്റവും അഭിമാനമായ നിമിഷമായിരുന്നു അത്.
കൂടെ നില്‍ക്കുന്ന അഭിനേതാവിനെ അത്ര കംഫര്‍ട്ട് സോണിലേയ്ക്ക് ലാല്‍ കൊണ്ടുവരും. തമാശ പറഞ്ഞ് അവരില്‍ ഒരാളായി ഒപ്പം കൂടും. അതോടെ അപരിചിതത്വങ്ങള്‍ ഒഴിയും. നമുക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പം അഭിനയിക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. അഭിനയിക്കുകയാണെന്ന് തോന്നാറേയില്ല. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുള്ള താരങ്ങളുടെയെല്ലാം അനുഭവവും ഇതായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ സ്വപ്‌നസുന്ദരമായ അവസരം പൂര്‍ത്തിയാക്കി വന്നതിനുപിന്നാലെ മറ്റൊരു ഭാഗ്യവും എന്നെ കടാക്ഷിച്ചു. ഇത്തവണ അത് അല്‍ഫോന്‍സ് പുത്രനിലൂടെയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന ഗോള്‍ഡില്‍ രാജുവിന്റെ അമ്മയായി അഭിനയിക്കാനാണ് ക്ഷണം കിട്ടിയത്. അങ്ങനെ റിയല്‍ അമ്മ റീല്‍ അമ്മയുമായി. സിനിമയില്‍ ആദ്യാന്തമുള്ള കഥാപാത്രമാണ്. 16 ദിവസത്തെ വര്‍ക്കുണ്ട്.
ഇനിയൊരു ആഗ്രഹം കൂടിയേയുള്ളൂ. മമ്മൂട്ടിയുടെ അമ്മയായിട്ടും അഭിനയിക്കണം. ചേച്ചിയായാലും കുഴപ്പമില്ല. മല്ലിക സുകുമാരന്‍ പറഞ്ഞുനിര്‍ത്തി
Recent Comments