ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് ഭാരതരത്ന. കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് രാജ്യം ഈ പുരസ്കാരം നല്കി ആദരിക്കുന്നത്. എന്നാല്‍ ഈ ബഹുമതി തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമമാണ് എന്ന വിവാദപരാമര്‍ശവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണ.
‘ഒരു അവാര്‍ഡും തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്കിയ സംഭാവനകളോളം വരില്ല. നന്തമൂരി രാമ റാവു (എന്‍.ടി.ആര്) എന്ന എന്റെ അച്ഛനോ കുടുംബമോ ഈ അവാര്‍ഡുകള്‍ ലഭിക്കാത്തത് കൊണ്ട് മോശക്കാരാകുന്നില്ല. മറിച്ച് ഈ അവാര്‍ഡുകളാണ് മോശമാകുന്നതെന്ന്’ ഒരു തെലുങ്ക് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1991 ല്‍ പുറത്തിറങ്ങിയ തന്റെ സിനിമയായ ‘ആദിത്യ 369’യിലെ ഇളയരാജയുടെ സംഗീതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ എ.ആര്. റഹ്മാനെക്കുറിച്ചും പരാമര്‍ശമുണ്ടായി. എ.ആര്. റഹ്മാന് എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന് ആരാണെന്ന് എനിക്കറിയില്ല.’ ബാലകൃഷ്ണ പറഞ്ഞു.
അതേസമയം ഹോളിവുഡ് സംവിധായകന് ജെയിംസ് കാമറൂണുമായും ബാലകൃഷ്ണ തന്നെ താരതമ്യപ്പെടുത്താന്‍ മറന്നില്ല. വര്‍ഷങ്ങളെടുത്ത് ഷൂട്ടിംഗ് ചെയ്യുന്ന ജെയിംസ് കാമറൂണ്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഷൂട്ടിങ് വേഗത്തില്‍ തീര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും ഹിറ്റുകള്‍ നേടാനാകുമെന്നും വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതിയെന്നും ബാലകൃഷ്ണ പറഞ്ഞു.
ഇതിന് മുന്‍പ്, ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ തന്റെ അസിസ്റ്റന്റിനെ തല്ലിയതും, മറ്റൊരിക്കല്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ അങ്കിള്‍ എന്ന് തന്നെ വിളിച്ച ആളോട് ദേഷ്യപ്പെടുകയും അയാള്‍ക്ക് നേരെ ഫോണ്‍ വലിച്ചെറിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recent Comments