സാജന് പള്ളുരുത്തി എഴുതിയ ‘ആശകള്‍ തമാശകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നടന്നത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്. സദസ്സോ, ആള്‍ക്കൂട്ടമോ, പ്രസംഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അതിനേക്കാളൊക്കെ പ്രൗഢത അതിനുണ്ടായിരുന്നു. കാരണം പുസ്തക പ്രകാശനവേദി മമ്മൂട്ടിയുടെ വീടായിരുന്നു. മമ്മൂട്ടിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഏറ്റുവാങ്ങിയത് സലിംകുമാറും. സാക്ഷികളായി രമേഷ് പിഷാരടിയും സോഹന്‍ സീനുലാലും. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം എന്ന അവസ്ഥയിലായിരുന്നു സാജന് പള്ളുരുത്തി.
‘മമ്മൂക്കയും മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. മഹാരാജാസ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. തമാശകള്‍ നന്നായി ആസ്വദിക്കുന്ന ആളാണ് മമ്മൂക്ക. ഞങ്ങളുടെ പ്രോഗ്രാമുകളൊക്കെ അദ്ദേഹം കാണാറുണ്ട്. അഭിപ്രായം പറയാറുണ്ട്. കണ്ണകിക്ക് ശേഷം ഞാന്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രം, മമ്മൂക്കയോടൊപ്പമുള്ള ഫാന്റമാണ്. പിന്നീട് പുത്തന്‍പണത്തിലും ഗാനഗന്ധര്‍വ്വനിലും മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടി. ആ സൗഹൃദമാണ് മമ്മൂക്കയെക്കൊണ്ട് പുസ്തകപ്രകാശനം ചെയ്യിക്കാന്‍ പ്രേരണയായത്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ ചെയ്യാമെന്നേറ്റു. ആ ദിവസം മറ്റൊരാവശ്യവുമായി മമ്മൂക്കയെ കാണാന്‍ സലിംകുമാറും എത്തിയിരുന്നു. അങ്ങനെ സലിംകുമാര്‍ മമ്മൂക്കയില്‍നിന്ന് ആ പുസ്തകം ഏറ്റുവാങ്ങി.’
‘മുപ്പത്തിനാല് വര്‍ഷമാകുന്നു ഞാന്‍ മിമിക്രി രംഗത്തെത്തിയിട്ട്. ഇക്കാലത്തിനിടയില്‍ ടെലിവിഷന്‍ ഷോകള്‍ക്കും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും ഓഡിയോ കാസറ്റുകള്ക്കുമൊക്കെയായി ഞാന്‍ എഴുതിയ കയ്യെഴുത്ത് പ്രതികള്‍ എണ്ണമറ്റവയായിരുന്നു. പ്രോഗ്രാം കഴിഞ്ഞാല്‍ അവയൊക്കെ ഉപേക്ഷിക്കുന്നതാണ് പതിവ്. പക്ഷേ എന്റെ അമ്മ അതെല്ലാം ഒരു ട്രങ്ക് പെട്ടിയിലാക്കി സൂക്ഷിച്ചുവച്ചു. ഇതിനിടെ അമ്മ ഞങ്ങളെ വിട്ടുപോയി. കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്നെ പഠിപ്പിച്ചിരുന്ന ടീച്ചര്‍ വീട്ടില്‍ വന്നു. രാജം എന്നാണ് ടീച്ചറുടെ പേര്. ടീച്ചറാണ് ആ പെട്ടിക്കുള്ളിലെ നിധി പുസ്തകരൂപത്തിലാക്കാന് ഉപദ്ദേശിച്ചത്. വരുംതലമുറയ്ക്ക് അത് പ്രയോജനപ്പെടുമെന്ന് ടീച്ചര്‍ പറഞ്ഞു.’
‘പിന്നാലെ കോവിഡ് കാലം എത്തി. വീട്ടില്‍തന്നെയായി മുഴുവന്‍ സമയവും. പെട്ടിയിലുണ്ടായിരുന്ന മുഴുവന്‍ കയ്യെഴുത്ത് പ്രതികളും വായിച്ചുനോക്കി. ഇതൊക്കെ ഞാന്‍തന്നെയാണോ എഴുതിയെന്നുപോലും അമ്പരന്നു. ഇനിയൊരിക്കലും എന്റെ ചിന്തകളിലോ എഴുത്തുകളിലോ ഒന്നും കടന്നുചെല്ലാനാകാത്തവിധം അത്രയധികം എഴുതിക്കൂട്ടിയിരിക്കുന്നു. അവയില്‍നിന്ന് തെരഞ്ഞെടുത്ത തമാശകള്‍ മാത്രമേ ഈ പുസ്തകത്തിലുള്ളൂ. കൈരളി ബുക്സാണ് പ്രസാധകര്. ഈ പുസ്തകം പ്രകാശിതമായപ്പോള്‍ എന്നെക്കാളും സന്തോഷിച്ചിട്ടുണ്ടാവുക എന്റെ അമ്മയാണ്. നമുക്കറിയാത്തൊരു ലോകത്തിരുന്ന് അമ്മ ഈ കാഴ്ചകളൊക്കെ കണ്ട് രസിക്കുന്നുണ്ടാകും.’ സാജന് പള്ളുരുത്തി പറഞ്ഞു.
Recent Comments