അനുമാനങ്ങളും ഊഹങ്ങളുമൊക്കെയാവാം. പക്ഷേ അത് നേരിനോട് ചേര്‍ന്നു നിന്നാവണം. അല്ലെങ്കില്‍ അവ ഹിമാലയന്‍ ബ്ലണ്ടറുകളാവും. അങ്ങനെയൊരു ഹിമാലയന്‍ ബ്ലണ്ടറിനാണ് പോയവാരം സാക്ഷിയായത്.
ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ലാല്‍ പറന്നത് ദുബായിലേയ്ക്കാണ്. അതിനുമുമ്പേ ഭാര്യ സുചിത്ര ദുബായില്‍ എത്തിയിരുന്നു. ഇനിയൊരുപക്ഷേ, കേരളം കഴിഞ്ഞാല്‍ ലാലിനും കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ട ദേശങ്ങളിലൊന്നാണ് ദുബായ്. ഇന്ത്യയ്ക്ക് പുറത്ത് ലാല്‍ ആദ്യമായി ഒരു വീട് സ്വന്തമാക്കുന്നത് ദുബായിലാണ്. ഹോട്ടല്‍ തുടങ്ങിയതും അവിടെയായിരുന്നു. സുചിത്രയ്ക്ക് ധാരാളം സൗഹൃദങ്ങളും അവിടെയുണ്ട്. അതുകൊണ്ടുതന്നെ ആ ദേശവുമായി അവര്‍ക്ക് വല്ലാത്ത ആത്മബന്ധമുണ്ട്.
ഇത്തവണത്തെ അവരുടെ ദുബായ് യാത്രയ്ക്ക് കൃത്യമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. മറ്റൊന്നുമല്ല, ദുബായിലെ ആഢംബര ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നായ ആര്‍.പി. ഹൈറ്റ്‌സില്‍ ലാലും കുടുംബവും ഒരു വീട് സ്വന്തമാക്കിയിരുന്നു. അതിന്റെ പാലുകാച്ചല്‍ ചടങ്ങിനായിട്ടാണ് അവര്‍ അവിടെ പോയത്.
ആറാം തീയതിയായിരുന്നു ലാല്‍ കൊച്ചിയില്‍നിന്ന് ദുബായിലേയ്ക്ക് തിരിച്ചത്. ലോബിയില്‍വച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജനെയും സെക്രട്ടറി രഞ്ജിത്തിനെയും കണ്ടിരുന്നു. ലാലും സാജനും സൗഹൃദക്കാരാണ്. ദുബായില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരം കാണാന്‍ സാജന്‍ ലാലിനെ ക്ഷണിക്കുകയായിരുന്നു. ‘നോക്കട്ടെ’ എന്ന് ലാലും പറഞ്ഞു.
ദുബായിലെത്തിയ ലാല്‍ അവിടെവച്ച് സ്റ്റാര്‍ സിഡ്‌നി കണ്‍ട്രി ഹെഡും സുഹൃത്തുമായ കെ. മാധവനെയും കണ്ടുമുട്ടി. ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാറിനാണല്ലോ. മാധവനും ലാലിനെ കളി കാണാന്‍ ക്ഷണിച്ചു. ആ ദിവസം പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതിരുന്നതിനാല്‍ ലാല്‍ കളി കാണാനെത്തി. റോയല്‍ പവലിയനില്‍ ഇരുന്നാണ് കളി കണ്ടത്. അവിടെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജനറല്‍ സെക്രട്ടറി ജയ്ഷായും ഉണ്ടായിരുന്നു. സൗരവിനെ ലാലിന് പരിചയപ്പെടുത്തിയത് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോര്‍ജായിരുന്നു. പണ്ട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാന്‍ ഈ സ്റ്റേഡിയത്തില്‍ വന്നിട്ടുണ്ടെന്നും ലാല്‍ സൗരവ് ഗാംഗുലിയോട് പറഞ്ഞു. പിന്നീട് ജയ്ഷായെയും അദ്ദേഹം പരിചയപ്പെട്ടു. കളിയുടെ ആദ്യ പകുതിമാത്രമാണ് ലാല്‍ കണ്ടത്. അതിനുശേഷം യാത്ര പറഞ്ഞിറങ്ങി.
ഇത്രയും കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്, ലാല്‍ ഐ.പി.എല്‍. ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ പോകുന്നു എന്നാണ്. എട്ട് ടീമുകളാണ് നിലവില്‍ ഐ.പി.എല്ലിനുള്ളത്. ഒമ്പതാമത്തെ ടീമിനെ ലാല്‍ സ്വന്തമാക്കാന്‍ പോകുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
മനസ്സാ വാചാ കര്‍മ്മണാ ലാല്‍ പോലും അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ നിറംപിടിപ്പിച്ച് എഴുതിയത്. ഇതിന് യാഥാര്‍ത്ഥ്യവുമായി ഒരു പുലബന്ധം പോലുമില്ല. ഇക്കാല്യം ലാലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏതായാലും ഇത്തവണത്തെ ദൂബായ് യാത്ര ലാലിനും കുടുംബത്തിലും ഒരിക്കലും മറക്കാനാകില്ല. ആദ്യം ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനല്‍. പിന്നെ സഞ്ജയ്ദത്തിനും കുടുംബത്തോടുമൊപ്പമുള്ള ദീപാവലി ആഘോഷം. സ്വപ്‌നതുല്യമായ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്.
എല്ലാം കഴിഞ്ഞ് ലാല്‍ കഴിഞ്ഞദിവസം കൊച്ചിയിലേയ്ക്ക് മടങ്ങിയെത്തി. നവംബര്‍ 23 ന് ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ ആറാട്ടില്‍ ജോയിന്‍ ചെയ്യും.
Recent Comments