1979 ല്‍ എം.എ. കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയകാന്തിന്റെ ചലച്ചിത്രപ്രവേശനം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1981 ല്‍ വിജയ്യുടെ അച്ഛന് എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചട്ടം ഒരു ഇരുട്ടറൈ വിജയകാന്തിന്റെ ചലച്ചിത്രജീവിതമാകെ മാറ്റിമറിച്ചു. കമല്ഹാസന് അതിഥിവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അത്. ഹെയര്‍ സ്റ്റൈലിലും നിറത്തിലും മറ്റും രജനികാന്തിനെ ഓര്‍മ്മിപ്പിച്ച വിജയകാന്തിന്റെ ആ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായിരുന്നു വിജയകാന്ത്. 1980-90 കളില്‍ അദ്ദേഹം അഭിനയിച്ച മിക്ക സിനിമകളും സാമ്പത്തികനേട്ടം കൈവരിച്ചു. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയിരുന്ന ചലച്ചിത്രങ്ങളൊക്കെയും കാശുവാരി പടങ്ങളായി മാറി. കമലും രജനിയും വെന്നിക്കൊടി പാറിക്കുന്ന സമയത്താണ് വിജയകാന്തിന്റെ ഈ തേരോട്ടം. അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരനായ നായകനായും രാഷ്ട്രീയക്കാരുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന ധീരനായകനായും വിജയകാന്ത് തിളങ്ങി.
കരിയറിന്റെ തുടക്കത്തില്‍ ഏറെ തഴയപ്പെട്ട കലാകാരനായിരുന്നു വിജയകാന്ത്. പ്രശസ്തരായ സംവിധായകര്‍ ആരുംതന്നെ അദ്ദേഹത്തിന് അവസരം നല്‍കിയിരുന്നില്ല. മാത്രമല്ല, പ്രമുഖ അഭിനേതാക്കളെല്ലാം വിജയകാന്ത് ചിത്രത്തില്‍നിന്ന് അകന്നുനില്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ സംവിധാനം ചെയ്തവരിലേറെയും രണ്ടാംനിരക്കാരായിരുന്നു. ഏറെ പുതുമുഖങ്ങളെയും തന്റെ ചിത്രങ്ങളിലൂടെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. മന്‍സൂര്‍ അലിഖാന്, ശരത് കുമാര്‍, അരുണ്‍ പാണ്ഡ്യന് എന്നീ പ്രമുഖര്‍ അതില്‍ ചിലര്‍ മാത്രം.
1986 ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്മന്‍കോവില്‍ കിഴക്കാലെ അതുവരെ ഉണ്ടായിരുന്ന സകല റിക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞു. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 1987 ആയപ്പോഴേക്കും കമല്‍-രജനി ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാനുള്ള കരുത്ത് വിജയകാന്ത് ചിത്രങ്ങള്‍ നേടിയിരുന്നു. അക്കാലത്ത് കേരളത്തിലും വിജയകാന്ത് ചിത്രങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടായിരുന്നു.
നൂറാവത് നാള്, വൈദേഹി കാത്തിരുന്താള്‍, ചിന്ന കൗണ്ടര്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 1990-99 കാലഘട്ടത്തില്‍ അദ്ദേഹം അഭിനയിച്ചതിലേറെയും ആക്ഷന്‍ ചിത്രങ്ങളായിരുന്നു. മിക്കതിലും ജനങ്ങള്‍ക്കുവേണ്ടി പോരാടുന്ന ധീരനായകനെയാണ് അവതരിപ്പിച്ചത്. 2005 ന് ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞു. പിന്നീടുള്ളത് ചരിത്രം.
പുരട്ചി കലൈഞ്ജര്‍ (വിപ്ലവങ്ങളുടെ കലാകാരന്) എന്നായിരുന്നു വിജയകാന്ത് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പക്ഷേ തന്റെ നൂറാമത് ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്റെ അഭൂതപൂര്‍വ്വമായ വിജയത്തിനുശേഷം ആരാധകര്‍ അദ്ദേഹത്തെ ക്യാപ്ടന് എന്ന് വിളിച്ചുതുടങ്ങി. അദ്ദേഹത്തിനും അത് ഇഷ്ടമായിരുന്നു.
സിനിമക്കാരില്‍ ഏറെ മാന്യതയുള്ള വ്യക്തിയായിരുന്നു വിജയകാന്ത്. തന്നെക്കൊണ്ട് ആവുന്ന സഹായങ്ങളെല്ലാം അദ്ദേഹം പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്തുകൊടുത്തു. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ ചിത്രങ്ങളില്‍ അഭിനയിക്കുകയും അത് വിജയിച്ചുകഴിയുമ്പോള്‍ മാത്രം തന്റെ പ്രതിഫലം ചോദിച്ച് വാങ്ങുന്ന നടനുമായിരുന്നു വിജയകാന്ത്. പരാജയചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രതിഫലത്തില്‍നിന്ന് നഷ്ടം സംഭവിച്ച തുക നിര്‍മ്മാതാവിന് തിരിച്ചുകൊടുക്കാനും അദ്ദേഹം സൗമനസ്യം കാട്ടി. ഒരേസമയം മൂന്നും നാലും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിജയകാന്ത് സമയനിഷ്ഠയില്‍ ഏറെ കൃത്യത പാലിച്ചിരുന്നു. ഓരോ കലാകാരന്മാരും അനുകരിക്കേണ്ട മാതൃകയായിരുന്നു വിജയകാന്ത്.
Recent Comments