ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയ്ക്ക് വിട. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയാണ് പൂര്‍ത്തിയായത്. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
ഇന്ന് രാവിലെ 9 മണിവരെ ആയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദര്‍ശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ തിരുവല്ലയില്‍ എത്തിയത്. അമേരിക്കയില്‍ വെച്ചുണ്ടായ അപകടത്തില്‍ അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ മൃതദേഹം മെയ് 19 നാണ് കേരളത്തിലെത്തിച്ചത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് വിലാപയാത്രയായി തിരുവല്ലയിലെത്തിച്ചു. തുടര്‍ന്ന് സഭാ ആസ്ഥാനത്തെ പൊതുദര്ശനത്തില് ആയിരക്കണക്കിന് ആളുകളാണ് മെത്രൊപ്പൊലീത്തയെ അവസാനമായി കാണാനെത്തിയത്. മന്ത്രി സജി ചെറിയാന്, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണല്‍ ബിന്നി, എംപിമാരായ കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എ, എംപിമാര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസില്‍ ഓപ്പറേഷന് മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന് തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003 ല്‍ ബീലീവേഴ്സ് ചര്‍ച്ച് എന്ന സഭയ്ക്ക് രൂപം നല്കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി. 2017 ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച എന്ന് പേര് മാറുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു.
സുവിശേഷ പ്രസംഗത്തില്‍ ആരംഭിച്ച് ഒടുവില്‍ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാന്. വിദ്യാഭ്യാസം മുതല്‍ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചര്‍ച്ചിന്റെ പ്രവര്‍ത്തന മണ്ഡലം. കെ പി യോഹന്നാന് എന്ന പേര് മലയാളികള്‍ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തില്‍ അടുക്കി, വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ പോന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ല്‍ അതേപേരില്‍ ആരംഭിച്ച റേഡിയോ പരിപാടിയില്‍ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളില്‍ പ്രക്ഷേപണമുണ്ട്.
മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നല്കി. 2011-ല്‍ റേഡിയോ യില്‍ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചര്‍ച്ച് എന്ന പേരില്‍ 2003-ല്‍ ഒരു എപ്പിസ്ക്കോപ്പല്‍ സഭയായി. യോഹന്നാന് അതിന്റെ മെത്രാപ്പോലീത്തയും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വിവിധ ട്രസ്റ്റുകളുടെ പേരിലായി ചര്‍ച്ചിന്റെ അധീനത്തിലുള്ളത് ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ്. ഇതിന് പുറമെ, സ്കൂളുകള്‍ മുതല്‍ എഞ്ചിനീയറിങ്/മെഡിക്കല്‍ കോളേജുകള്‍ വരെ നീളുന്ന നിരവധി സ്ഥാപനങ്ങള്‍ വഴി വിദ്യാഭ്യാസ രംഗത്തും ബിലീവേഴ്സ് ചര്‍ച്ച് വേരുറപ്പിച്ചു. കേരളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന നിരവധി ആശുപത്രികളും ബ്രിഡ്ജസ് ഓഫ് ഹോപ്പ്, ആശാഗൃഹം എന്നീ പേരുകളില്‍ പേരില്‍ ശരണാലയങ്ങളും ചര്‍ച്ചിന് വേറെയുമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് കംപാഷനിലൂടെ ചര്‍ച്ച് സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ്.
Recent Comments