ഫെഫ്കയ്ക്ക് പിന്നാലെ സിനിമാപ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ മാക്ടയും സംവിധായകന്‍ നാദിര്‍ഷയ്ക്കും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന മാക്ടയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നാദിര്‍ഷയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതത്. മാക്ട പുറത്തിറിക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്നും സിനിമ മതേതര സ്വഭാവമുള്ള കലാരൂപമാണെന്നും വ്യക്തമാക്കുന്നു.
സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിനുവേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നത്. ആ മേഖലയിലേയ്ക്കാണ് സോഷ്യല്‍മീഡിയയിലൂടെ ഒരുപറ്റം ആളുകള്‍ വിവാദം സൃഷ്ടിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. മാക്ട പറയുന്നു.
മാക്ട വൈസ് ചെയര്‍മാന്‍ എം. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ഷാജൂണ്‍ കാര്യാല്‍, മധുപാല്‍, അന്‍വര്‍ റഷീദ്, സേതു, മാര്‍ത്താണ്ഡന്‍, എന്‍.എം. ബാദുഷ, പി.കെ. ബാബുരാജ്, ഗായത്രി അശോക്, എ.എസ്. ദിനേശ് എന്നിവരും സംസാരിച്ചു.
Recent Comments