അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്കാരം തലൈവി ഏപ്രില്‍ 23 ന് തീയേറ്ററുകളിലേയ്ക്ക്. ആറു തവണ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സിനിമ-രാഷ്ട്രീയ ജീവിതത്തിന്റെ പച്ചയായ ചലച്ചിത്രാവിഷ്കാരമായിരിക്കും തലൈവി എന്ന് സംവിധായകനായ എ.എല്‍. വിജയ് അവകാശപ്പെടുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റണവട്ട് ആണ് ജയലളിതയായി ചിത്രത്തില്‍ പുനരവതരിക്കുന്നത്. ജയലളിതയുടേതായ അഭിനേത്രിയുടെയും രാഷ്ട്രീയനേതാവിന്റെയും മാനറിസങ്ങളൊക്കെ ഒപ്പിയെടുത്ത കങ്കണയുടെ അഭിനയപാഠവം ട്രെയിലറിലൂടെ നമുക്ക് മനസ്സിലാക്കാം. അത്രയേറെ ഷാര്‍പ്പായാണ് അവര്‍ ആ കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല, ജയലളിതയുടെ കഥപറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്തതാണ് എം.ജി.ആര് എന്ന എം.ജി. രാമചന്ദ്രന്. തമിഴ് മക്കളുടെ ഇന്നും കെട്ടടങ്ങാത്ത ആവേശമാണ് എം.ജി.ആര്. എന്ന മൂന്നക്ഷരം. സംവിധായകനായ വിജയ്ക്ക് അത് നന്നായി ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ എം.ജി.ആറും ഒരു മുഖ്യ കഥാപാത്രമാകുന്നത്.
മേക്കോവറിന് ഇത്രയേറെ ഒരു കഥാപാത്രത്തെ ഒരു നടനിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് തലൈവിയിലെ എം.ജി.ആര്. ട്രെയിലര്‍ കാണുമ്പോള്‍ അരവിന്ദ് സ്വാമി എന്ന വ്യക്തിയെ, നടനെ നമ്മള് കാണുന്നില്ല. പകരം നമുക്ക് മുമ്പില്‍ എം.ജി. രാജചന്ദ്രന് എന്ന തമിഴ് മക്കളുടെ ഹൃദയത്തുടിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. അത്രയേറെ അരവിന്ദ് സ്വാമിയും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രമായിരിക്കും തലൈവി. കരുണാനിധിയായി നാസറും എം.ജി.ആറിന്റെ പത്നി ജാനകി അമ്മാളായി മധുബാലയും പ്രമുഖ രാഷ്ട്രീയ നേതാവായ ആര്.എം. വീരപ്പനായി സമുദ്രക്കനിയും കൂടാതെ ജയലളിതയുടെ തോഴി ശശികലയായി ഷംനാകാസിമും വേഷമിടുന്നു.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും വിശാല്‍ വിക്ടറിന്റെ ഛായാഗ്രഹണവും ആന്റണിയുടെയും ബല്ലു സലൂജയുടെയും എഡിറ്റിംഗും തലൈവിയുടെ ഹൈലൈറ്റാണ്. ബാഹുബലിക്കുശേഷം കെ.വി. വിജയേന്ദ്രപ്രസാദും മദന്‍ കര്‍ക്കിയും തിരനാടകം രചിച്ച തലൈവി ചലച്ചിത്രമേഖലയ്ക്ക് മറ്റൊരു നാഴികക്കല്ലാകുമെന്ന് നിസ്സംശയം പറയാം.
Recent Comments