ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച് നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത്തെ ചിത്രമാണിത്. പത്തൊമ്പതു സിനിമകളില്‍ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹൃദയം എന്ന ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ കൂടിയാണ് ആദിത്യന്‍ ചന്ദ്രശേഖരന്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിയല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് ആദിത്യനാണ്. സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച എന്ന സീരിയലിന് വേണ്ടിയും തിരക്കഥ എഴുതുകയും അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും ആദിത്യനായിരുന്നു.
ഉത്തര മലബാറിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണിത്. ഒരു വിവാഹവുമായിബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസാവഹമായി ചിത്രം പറയുന്നു. സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജുക്കുറുപ്പുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപാണ് നായിക. ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത് നിരഞ്ജനയാണ്. തന്‍വിറാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍, മനമഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഇഫ്തി ഈണം പകര്‍ന്നിരിക്കുന്നു. ജിതിന്‍ സ്റ്റാന്‍സിലോസാണ് ഛായാഗ്രാഹകന്‍.
Recent Comments