എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുണ്ടായ വധശ്രമ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്ന് പേര് നീക്കം ചെയ്ത് വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ഹര്‍ജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന് വ്യക്തമാക്കി. മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന സംഭവത്തിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവാണു ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.
1995 ഏപ്രില്‍ 12ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനില്‍വെച്ച് വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിനു പിന്നിലെ ഗൂഡാലോചനയാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരന് തിരുവനന്തപുരത്ത് വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
കുറ്റപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് കെ സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുകള്‍ ഇല്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുളള സുധാകരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. തന്നെ മാത്രമല്ല, പിണറായി വിജയനെക്കൂടി ലക്ഷ്യം വെച്ചാണ് സുധാകരന് ഗൂഡാലോചന നടത്തിയെതെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേസില്‍ ഇപി ജയരാജനും സര്‍ക്കാരും അപ്പീലുമായി പോയാല്‍ നിയമപരമായി നേരിടുമെന്ന് സുധാകരനും മറുപടി നല്കി.
Recent Comments