അഖില്‍ പോളിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഉദയംപൂരില്‍നിന്ന് മുംബയില്‍ എത്തിച്ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അഖിലിന്റെ ചിത്രീകരണത്തിന് തയ്യാറെടുക്കുന്ന ഐഡന്റിറ്റിയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നത് രാജസ്ഥാനിലെ ഉദയംപൂരിലാണ്. അതിന്റെ ചില മുന്നൊക്കങ്ങളുമായി എത്തിയതായിരുന്നു അദ്ദേഹം. അതിന് പിന്നാലെ മുംബയില്‍ എത്തി. ഐഡന്റിറ്റിയുടെ ചിത്രീകരണം മുംബയിലുമുണ്ട്. അവിടെ സെറ്റുവര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിന്റെ പുരോഗതി വിലയിരുത്താന്‍ കൂടിയാണ് അഖില്‍ മുംബയിലെത്തിയത്. ഐഡന്റിറ്റിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനെക്കുറിച്ച് അഖില്‍ സംസാരിച്ച് തുടങ്ങിയതും മുംബയില്‍ നിന്നുകൊണ്ടാണ്.
‘എല്ലാ മാസത്തിലും ഓരോ പുതിയ താരങ്ങളെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. കഴിഞ്ഞ മാസം തൃഷയെ അവതരിപ്പിച്ചിരുന്നു. ഇത്തവണ അത് വിനയ് റായിയാണ്. ഐഡന്റിറ്റിയില്‍ ടൊവിനോയ്ക്ക് തുല്യമായ കഥാപാത്രത്തെ വിനയ് അവതരിപ്പിക്കുന്നു. ചിത്രത്തിലൊരു ഇന്‍വെസ്റ്റിഗേറ്റീവ് ട്രാക്കുണ്ട്. അതിനെ ലീഡ് ചെയ്യുന്നത് വിനയ് യുടെ പോലീസ് വേഷമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ് വിനയ് അവതരിപ്പിക്കുന്നത്. ബാംഗ്ലൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്. അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ വിനയുടേത് മാത്രമായി ആവശ്യമുണ്ടായിരുന്നു. അതിനദ്ദേഹം പൂര്‍ണ്ണസമ്മതവും നല്‍കിക്കഴിഞ്ഞു. സെപ്തംബര്‍ പകുതിയോടെ ഐഡന്റിറ്റിയുടെ ഷൂട്ടിംഗ് ആരംഭിക്കും.’ അഖില്‍പോള്‍ പറഞ്ഞുനിര്‍ത്തി.
തമിഴ് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച വിനയ് റായ് ഇതിനോടകംതന്നെ ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലെ തിരക്കുള്ള താരമായി വളര്‍ന്നുകഴിഞ്ഞു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറിലൂടെ മമ്മൂട്ടിയുടെ പ്രതിനായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. വിനയ് റായിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ഐഡന്റിറ്റി.
Recent Comments