പ്രമുഖ നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി. നടനെയുൾപ്പെടെ വെറുതെ വിട്ട കോടതി ഉത്തരവ് വന്ന് മാസങ്ങൾക്ക് ഇപ്പുറമാണ് വിധിപ്പകർപ്പ് പുറത്തുവന്നത്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നുമാണ് വിചാരണക്കോടതി പറയുന്നത്.
ലഹരിമരുന്ന് കണ്ടെടുത്തിയിട്ടും പ്രതികളില്‍ നിന്നാണ് ലഹരിമരുന്നുകൾ പിടിച്ചതെന്ന് തെളിയിക്കാൻ പോലീസിനായില്ല അതുപോലെ തന്നെ അന്ന് അവരുടെ ദേഹപരിശോധന നടത്തിയ വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടത്തിയില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തളളിപ്പറഞ്ഞുവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കേസില്‍ എൻ ഡി പി എസ് വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായതായാണ് കോടതിയുടെ കണ്ടെത്തല്‍.
ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നുവെന്നാണ് കോടതി പറയുന്നത്.
പോലീസിന്റെ ഒപ്പമുണ്ടായിരുന്ന ഗസറ്റഡ് ഓഫീസര്‍ പുരുഷനായിരുന്നതിനാൽ മോഡലിന്റെ ദേഹപരിശോധനാ വേളയില്‍ അദ്ദേഹത്തിന് കൂടെ നില്ക്കാന് നിയമം അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍, ഒന്നാംപ്രതിയില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിലല്ല എന്ന പിഴവാണ് പോലീസിന് കേസിൽ പ്രധാനമായും സംഭവിച്ചത്.പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് പോലീസ് ഫയൽ ചെയ്തത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയോ കൂടെ ഉണ്ടായിരുന്ന നാല് മോഡലുകളോ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്ന് പോലീസിന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വിചാരണക്കോടതി കേസ് തള്ളിയതും ഷൈൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതും.
Recent Comments