പ്രമുഖ സംവിധായകന് പ്രിയദര്‍ശന്റെ പുതിയ ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അഭിനയിക്കാൻ ഒരുങ്ങുന്നു. ഇത് ആദ്യമായി ആണ് പ്രിയദർശൻ സിനിമയിൽ സെയ്ഫ് അലിഖാൻ അഭിനയിക്കുന്നത്.
“അടുത്ത സിനിമ പ്രിയദര്ശനൊപ്പമായിരിക്കും. അന്ധനായ ഒരാളുടെ കഥാപാത്രമായാണ് വേഷമിടുന്നത്. അതുകൊണ്ടു തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്നാണ് സെയ്ഫ് അലിഖാന്റെ വാക്കുകൾ. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്ശന് മലയാളത്തില്‍ ഒരുക്കിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാകാനാണ് സാധ്യതയെന്ന വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും ഇതുവരെ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
2024 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച് നാൽപ്പത് ദിവസത്തിനുള്ളില്‍ പൂർത്തിയാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന് പ്രിയദര്‍ശന്റെ പ്ലാനുകളിൽ മാറ്റം വന്നതോടെയാണ് സിനിമ വൈകിയത്. അക്ഷയ് കുമാര്‍ നായകനാവുന്ന ഭൂത് ബംഗ്ല എന്ന ചിത്രം ആദ്യം നടത്തുകയായിരുന്നു.
നീണ്ട പതിനാലു വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ഭൂത് ബംഗ്ല 2026 ഏപ്രിലിലാണ് തിയറ്ററുകളിലെത്തുന്നത്. എന്തായാലും ഈ വര്‍ഷത്തിനുള്ളില്‍ തന്നെ സെയ്ഫ് അലി ഖാന്റെ ചിത്രം ഉണ്ടാകുമെന്നാണ് സൂചന.
മോഹന്‍ലാല്‍ ജയരാമന് എന്ന കാഴ്ചാപരിമിതിയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം മലയാളത്തിൽ വലിയ വിജയമായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹിന്ദി പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുകയാണ്.
Recent Comments