ഇക്കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് ഹാസ്യതാരം മയില്‍സ്വാമി വലിയ ശിവഭക്തനായിരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ അദ്ദേഹം തിരുവണ്ണാമലൈ ക്ഷേത്രത്തിലാണ് പോകാറുള്ളത്. എന്നാല്‍ ഇക്കുറി തന്റെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് അദ്ദേഹം ശിവരാത്രി ആഘോഷിച്ചത്. പുലര്‍ച്ചെ മൂന്ന് മണി വരെ ക്ഷേത്രത്തില്‍ സമയം ചെലവഴിച്ചിട്ടാണ് അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങിയത്. പോകുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന പ്രശസ്ത ഡ്രമ്മര്‍ ശിവമണിയോട് രജനിസാറിനെ ഈ ക്ഷേത്രത്തില്‍ കൊണ്ടുവരണമെന്നും അത് തന്റെ എക്കാലത്തെയും സ്വപ്നമാണെന്നും മയില്‍സ്വാമി പറഞ്ഞിരുന്നു.
പക്ഷേ പുലര്‍ച്ചെ അഞ്ച് മണിയായപ്പോള്‍ ശിവമണിക്ക് മയില്‍സ്വാമിയുടെ മൊബൈലില്‍നിന്നും ‘മയില്‍സ്വാമി മരണമടഞ്ഞു’ എന്ന വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. രജനിയെ ക്ഷേത്രത്തില്‍ കൊണ്ടുവരണമെന്ന മയില്‍സ്വാമിയുടെ ആഗ്രഹം നടക്കാതെ അദ്ദേഹം യാത്രയായി. ഇതേക്കുറിച്ച് ശിവമണി തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവയ്ക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
മയില്‍സ്വാമിയുടെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ അടുത്ത സുഹൃത്തായ രജനികാന്തും എത്തിയിരുന്നു. ‘എനിക്ക് മയില്‍സ്വാമിയെ അദ്ദേഹത്തിന്റെ 20-21 വയസ്സുള്ളപ്പോഴേ അറിയാം. നല്ലൊരു ശിവഭക്തനാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ സിനിമയെക്കുറിച്ച് സംസാരിക്കാറില്ല. മറിച്ച് ഭക്തിമാത്രമാണ് വിഷയം. അടുത്ത സുഹൃത്തുക്കളായിട്ടും കൂടുതല്‍ ചിത്രങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് അവസരം വന്നിട്ടില്ല എന്നതാണ് ശരി. എല്ലാ കാര്‍ത്തിക വിളക്കിനും അദ്ദേഹം തിരുവണ്ണാമലൈ ക്ഷേത്രത്തിലേയ്ക്ക് പോകാറുണ്ട്. അവിടെനിന്നും വളരെ സന്തോഷവാനായാണ് എന്നെ വിളിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം അദ്ദേഹം വിളച്ചപ്പോള്‍ ഷൂട്ടിംഗിന്റെ തിരക്കില്‍ എനിക്ക് ആ കോള്‍ അറ്റന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതിന് അദ്ദേഹത്തെ വിളിച്ച് സോറി പറയണമെന്ന് വിചാരിച്ചു. എന്നാല്‍ പലേ തിരക്കുകള്‍ കാരണം അക്കാര്യം മറന്നുപോവുകയാണുണ്ടായത്. ഈ അടുത്തുണ്ടായ രണ്ട് മരണങ്ങളാണ് ഏറെ വിഷമിപ്പിച്ചത്. ഒന്ന് വിവേക്. മറ്റൊന്ന് മയില്‍സ്വാമി. ഇവരുടെ മരണമുണ്ടാക്കിയ നഷ്ടം സുഹൃത്തുക്കള്‍ക്കും കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനും കൂടിയാണ്. കാരണം രണ്ടുപേരും സമൂഹസേവനം ചെയ്യുന്നവരാണ്. മയില്‍സ്വാമി ശിവരാത്രിക്ക് തന്നെ മരണമടഞ്ഞത് യാദൃച്ഛികമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ തീവ്രഭക്തനെ ശിവന്റെ നാളില്‍ ഭഗവാന് വിളിച്ചുകൊണ്ടുപോയതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച്, മക്കള്‍ക്ക് ഉണ്ടായ ആഘാതം അവര്‍ക്ക് താങ്ങാനുള്ള ശക്തി നല്കുവാന് ദൈവത്തിന് കഴിയട്ടെ.’
Recent Comments