മല്ലിക സുകുമാരനെ വിളിക്കുമ്പോള്‍ അവര്‍ കൊച്ചിയിലുണ്ടായിരുന്നു. രണ്ടാമത്തെ ബെല്ലിന് ഫോണെടുത്തു. വിശേഷങ്ങള്‍ ചോദിക്കുന്നതിന് മുമ്പേ അവര്‍ പറഞ്ഞു-
‘പൃഥ്വി ഇന്ന് വെളുപ്പിനെയുള്ള ഫ്ളൈറ്റില്‍ ഒറീസ്സയിലേയ്ക്ക് പോയി. ഡയറക്ട് ഫ്ളൈറ്റല്ല. ആദ്യം ഹൈദരാബാദില്‍ ഇറങ്ങും. അവിടുന്ന് വീണ്ടും വിമാനമാര്‍ഗ്ഗം വിശാഖിലേയ്ക്ക്. വൈശാഖില്‍നിന്ന് കാര്‍മാര്‍ഗ്ഗം ഒറീസ്സയിലേയ്ക്ക് പോകും. രാജമൗലി ചിത്രത്തിന്റെ ലൊക്കേഷന്‍ അവിടെയാണ്. 16 ന് ചെന്നൈയില്‍ മടങ്ങിയെത്തും. എമ്പുരാന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്കായി. 20 ന് കൊച്ചിയിലേയ്ക്ക് വരും. പിന്നീടുള്ള ഒരാഴ്ചക്കാലം എറണാകുളത്തുണ്ടാകും.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികാവേഷം ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജമൗലി ചിത്രത്തില്‍ പൃഥ്വി അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ ഫെയ്സ് ബുക്കില്‍ പൃഥ്വി ഷെയര്‍ ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്കും തീ പിടിച്ചു. സംവിധാന ജോലികള്‍ പൂര്‍ത്തിയാക്കി മാതൃഭാഷയിലല്ലാത്ത ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന സൂചനയോടെയുള്ള അടിക്കുറിപ്പ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്കി. വൈകാതെ മല്ലിക സുകുമാരന്‍ തന്നെയാണ് പൃഥ്വിയുടെ രാജമൗലി ചിത്രത്തിന്റെ സ്ഥിരീകരണം നല്‍കിയത്. അതിന്റെ ഭാഗമായിട്ടാണ് മല്ലിക സുകുമാരനെ ഫോണില്‍ ബന്ധപ്പെട്ടതും കൂടുതല്‍ അപ്ഡേറ്റുകള് പങ്കുവച്ചതും.
Recent Comments