പ്രശസ്ത ഗായകന് ഇടവ ബഷീര്‍ അന്തരിച്ചു. ആലപ്പുഴ ബ്ലുഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാടാനെത്തിയതായിരുന്നു അദ്ദേഹം. ആലപ്പുഴ ക്യാമിലോട്ട് കണ്വെന്ഷന് സെന്ററില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍. ഒരു ഹിന്ദി പാട്ട് പാടി പൂര്‍ത്തിയാക്കുന്നതിനിടെ അദ്ദേഹം വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പ്രൊവിനന്‍സ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. ഹോസ്പിറ്റലില്‍ എത്തുംമുമ്പേ മരണം സംഭവിച്ചിരുന്നു. 78 വയസ്സായിരുന്നു. മൃതദേഹം ബഷീറിന്റെ സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി. നാളെയാണ് ശവസംസ്കാര ചടങ്ങുകള്‍.
ഇടവ സ്വദേശിയാണ് ബഷീര്‍. സംഗീതാലയ എന്ന പേരില്‍ അദ്ദേഹത്തിന് സ്വന്തമായൊരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. ഗാനമേള വേദിയിലെ യേശുദാസ് എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. സിനിമാ പിന്നണി ഗായകന് എന്ന നിലയിലും പ്രശസ്തനായിരുന്നു അദ്ദേഹം.
അടൂർ ഭാസി സംവിധാനം ചെയ്ത രഘുവംശം എന്ന സിനിമയില്‍ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ആദ്യമായി പിന്നണി പാടിയത്. ‘വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ’ എന്ന ഗാനം എസ്. ജാനകിക്കൊപ്പമായിരുന്നു ആലപിച്ചത്. ജെ. ശശികുമാര്‍ സംവിധാനം ചെയ്ത മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന ചിത്രത്തില്‍ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. കെ.ജി. ജോയി ആണ് സംഗീതം നിര്‍വ്വഹിച്ചത്.
Recent Comments