കോവിഡ് ഇളവുകളുടെ ഭാഗമായിട്ടാണ് തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഗവണ്മെന്റ് നല്‍കിയത്. മുന്‍കരുതലെന്ന നിലയില്‍ അമ്പത് ശതമാനം ആളുകളുടെ പ്രവേശനമാണ് നല്‍കിയിരിക്കുന്നത്. സെക്കന്റ് ഷോയും റദ്ദ് ചെയ്തിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ തീയേറ്ററുകള്‍ തുറന്നത്. ജയസൂര്യ നായകനായ വെള്ളമാണ് റിലീസിന് ആദ്യമെത്തിയ സിനിമ. മികച്ച ചിത്രമെന്ന ഖ്യാതി നേടിയിട്ടും വെള്ളം തീയേറ്ററുകളില്‍ അധികം ചലനമുണ്ടാക്കിയില്ല. പിന്നീടിറങ്ങി എല്ലാ ചിത്രങ്ങളുടെയും അവസ്ഥ ഇതായിരുന്നു. മികച്ച സിനിമയെന്ന പൊതുസമ്മതി നേടിയിട്ടും ഒപ്പറേഷന് ജാവ എന്ന സിനിമ കാണാനും ആളുകള്‍ തീയേറ്ററുകളില്‍ എത്തിയില്ല.
ഈ പശ്ചാത്തലത്തിലാണ് തീയേറ്റര്‍ റിലീസില്‍നിന്ന് നിര്‍മ്മാതാക്കള്‍ ഓരോരുത്തരായി പിന്മാറാന് തുടങ്ങിയത്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ദ് പ്രീസ്റ്റ് മുന്‍ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 4 നായിരുന്നു റിലീസ് ചെയ്യാനിരുന്നത്. പിന്നീടത് മാര്‍ച്ച് 4 ലേയ്ക്ക് മാറ്റി. ഇപ്പോള്‍ ആ പ്രദര്ശനത്തീയതിയാണ് മാറ്റിവച്ചിരിക്കുന്നത്.
തീയേറ്ററുകളില്‍ സെക്കന്റ് ഷോ പുനഃസ്ഥാപിച്ചശേഷം മാത്രമേ ദ് പ്രീസ്റ്റിന്റെ റിലിസിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പറയുന്നത്. പുതിയ റിലീസ് ഡേറ്റും അവര്‍ പ്രഖ്യാപിച്ചിട്ടില്ല.
പതിമൂന്ന് കോടിയിലേറെ ചെലവഴിച്ചാണ് ഈ മമ്മൂട്ടിചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഞ്ജുവാര്യര്‍, നിഖിലാ വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍, ടി.ജി. രവി തുടങ്ങിയ വന്‍ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. എറണാകുളത്തും കുറ്റിക്കാനത്തുമായി രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
പ്രീസ്റ്റിന്റെ സാറ്റ്ലൈറ്റ്, ഒ.ടി.ടി റൈറ്റുകള്‍ ഇതിനോടകംതന്നെ വിറ്റുപോയിട്ടുണ്ട്. നാല് കോടിക്കാണ് സാറ്റ്ലൈറ്റ് റൈറ്റ് ഏഷ്യനെറ്റിന് നല്‍കിയത്. ആമസോണിന് ഒ.ടി.ടി റൈറ്റ്സ് നല്കിയിരിക്കുന്നതും ഇതേ തുകയ്ക്കാണെന്നാണ് അറിയുന്നത്.
എന്നാല്‍പോലും കോസ്റ്റ് ഓഫ് പ്രൊഡക്ഷന്വച്ച് നോക്കിയാല്‍ അഞ്ച് കോടിയുടെ ബാദ്ധ്യത നിര്‍മ്മാതാവിന് നിലനില്‍ക്കുകയാണ്. ഇന്നത്തെ അവസ്ഥയില്‍ സിനിമ സൂപ്പര്ഹിറ്റായാല്പോലും ഇത്രയും തുക തീയേറ്ററുകളില്‍നിന്ന് നിര്‍മ്മാതാവിന് പിരിഞ്ഞുകിട്ടാനുള്ള സാധ്യത തുലോം കുറവാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ടുകൂടിയാണ് പ്രദര്ശനത്തീയതിയില്നിന്ന് മാറി ചിന്തിപ്പിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.
Recent Comments