സമീപകാലത്ത് തിയേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ മൂന്നു ചിത്രങ്ങളാണ് പ്രാവിൻകൂട് ഷാപ്പ്, പൈങ്കിളി, ദാവീദ് എന്നിവ. മൂന്നു ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ ഒടിടിയിൽ എവിടെയാണ് സ്ട്രീം ചെയ്യുന്നത് എന്നറിയേണ്ടേ?
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്കൂട് ഷാപ്പ്’. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ഈ ചിത്രം, ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സോണി ലിവിലൂടെയാണ് പ്രാവിന്കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ‘പൈങ്കിളി’. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവരാണ് നിർമാതാക്കൾ. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ദാവീദ്.’ ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ആഷിക് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഏപ്രിൽ 11 മുതൽ ദാവീദ് സീ5ൽ സ്ട്രീമിങ് ആരംഭിക്കും.
Recent Comments