പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന് റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായകനാകുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തിരുവനന്തപുരത്ത് തുടങ്ങും. കിരണ്‍ പ്രഭാകരന് സംവിധാനം ചെയ്ത താക്കോല്‍ എന്ന ചിത്രത്തിലാണ് റുഷിന്‍ ഇതിനുമുമ്പ് അഭിനയിച്ചിട്ടുള്ളത്. അതില്‍ ഇന്ദ്രജിത്ത് സുകുമാരന്റെ ബാല്യവേഷം ചെയ്തത് റുഷിനായിരുന്നു.
ഷെബി ചൗഘട്ടാണ് സംവിധായകന്. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷെബി ചൗഘട്ട്.
ഷാജി-ആനി ദമ്പതികളുടെ മൂത്ത മകന് ജഗന് ഇതിനോടകം സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. സിജു വില്സന് നായകനായ ചിത്രം പൂര്‍ത്തിയാക്കി നിലവില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് ഇളയ സഹോദരന്റെ നായകനായുള്ള അരങ്ങേറ്റം.
ഹെവന്‍ലി പിക്ചേഴ്സ് എന്ന ബാനറില്‍ ഫൈനല്‍സ്,രണ്ട് എന്നീ സിനിമകള്‍ നിര്‍മ്മിച്ച പ്രജീവ് സത്യവര്‍ദ്ധന്‍ ചെറിയൊരു ഇടവേളക്ക് ശേഷം ചലച്ചിത്ര നിര്‍മ്മാണരംഗത്ത് വീണ്ടും സജീവമാകുന്നു. പ്രജീവം മൂവിസ് എന്ന ബാനറിനു കീഴിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് മൂന്ന് ബിഗ്ബഡ്ജറ്റ് സിനിമകള്‍ കൂടി പ്രജീവം മൂവീസ് ഉടന്‍ നിര്‍മ്മിക്കും.
റുഷിനെ കൂടാതെ അബു സലിമും ഈ ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുകുമാരക്കുറുപ്പ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് വി.ആര്. ബാലഗോപാണ്. രജീഷ് രാമന് ക്യാമറയും അഭിലാഷ് ബാലചന്ദ്രന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം, ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്, അഫ്സല് എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുകന്.എസ്, പി.ആര്.ഒ വാഴൂര്‍ ജോസ്.
Recent Comments