ബാര്‍ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന് അലക്സാണ്ടര്‍ (28) ആണ് ചൊവ്വാഴ്ച രാത്രിപത്തോടെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.
കുറ്റപ്പുഴ അമ്പാടി വീട്ടില്‍ കണ്ണന് എന്ന് വിളിക്കുന്ന സവീഷ് സോമ (35)നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിന് ഇന്നലെ വൈകിട്ടോടെ പൊലീസിന്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാര്‍ പരിസരത്ത് വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ സുബിന് മറ്റാരെയോ ഫോണ്‍ ചെയ്യാനായി സവീഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തിരികെ നല്കണമെങ്കില് 3000 രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
വീട് കയറിയുള്ള ആക്രമണമടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023ല്‍ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന് വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് സുബിനെ കസ്റ്റഡിയില്‍ എടുത്ത് സവീഷിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസെടുക്കും മുമ്പ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സുബിന് രാത്രി പത്തരയോടെ രക്ഷപ്പെട്ടതെന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
Recent Comments