ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം മുന്‍സിഫ് കോടതി വഴി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ബിനിരാജ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
‘ഞാന്‍ നിര്‍മ്മിച്ച ഒരു ചലച്ചിത്രത്തിലൂടെയാണ് അലന്‍സിയറും (നടന്) ബിനുലാല്‍ ഉണ്ണിയും (രണ്ടിന്റെ തിരക്കഥാകൃത്ത്) അടക്കമുള്ള ഒരുപറ്റം സിനിമാസുഹൃത്തുക്കളെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായി. ഒരിക്കല്‍ ഒരു യാത്രയ്ക്കിടെ എനിക്ക് നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ഞാന്‍ ബിനുലാല്‍ ഉണ്ണിയോട് പറഞ്ഞു. എന്നെ അത്രയധികം സ്ട്രൈക്ക് ചെയ്ത ഒരു സംഭവമായതുകൊണ്ട് അത് വിഷ്വലൈസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതൊരു തിരക്കഥയായി എഴുതിത്തരണമെന്നും ഞാന്‍ ബിനുലാലിനോട് പറഞ്ഞു. എഴുതിത്തരാമെന്ന് പറഞ്ഞതല്ലാതെ പിന്നെ വിളികളൊന്നും ഉണ്ടായില്ല. അതുകൊണ്ട് ആ ചുമതല ഞാന്‍ എന്റെ സുഹൃത്തിന് കൈമാറി. പിന്നീട് ആ തിരക്കഥയില്‍ ഞാനൊരു ഷോര്‍ട്ട്ഫിലിമും ചെയ്തു. കോണ്‍സ്റ്റിപ്പേഷന്‍ എന്നാണ് ആ ഷോര്‍ട്ട് ഫിലിമിന്റെ പേര്. പ്രഥമ സച്ചി മെമ്മോറിയല്‍ ഷോര്‍ട്ട് ഫിലിം മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് ഹ്രസ്വചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അത്.’