കാൻസറിനുള്ള പുതിയ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവകാശപ്പെട്ടത്.അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു തുടങ്ങുമെന്നും അവർ വ്യക്തമാക്കി . കാൻസർ ബാധ തടയുന്നതിന് പൊതുജനങ്ങൾക്ക് വാക്സിൽ നൽകുന്നതിനേക്കാൾ കാൻസർ രോഗികളെ ചികിത്സിക്കാനാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് അവർ പറഞ്ഞത് .കാൻസറിനെതിരേ പ്രവർത്തിക്കുന്ന എംആർഎൻഎ വാക്സിൻ രാജ്യം സ്വന്തമായി വികസിപ്പിച്ചിട്ടുണ്ടെന്നും അത് സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രി കാപ്രിനും അറിയിച്ചിരുന്നു
2025 വർഷം ആദ്യം വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റഷ്യ വെളിപ്പെടുത്തിയത് .വാക്സിന്റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നും മുഴകളുടെ വലുപ്പം കുറഞ്ഞതായും പുതിയൊരു സ്ഥലത്ത് മുഴകൾ പ്രത്യക്ഷപ്പെടുന്നത് തടയാൻ കഴിഞ്ഞുവെന്നും ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് അവകാശപ്പെട്ടിരുന്നു
ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും സ്ഥിതീകരിക്കുകയുണ്ടായി.
അതേസമയം, ഏത് തരം കാൻസറിനുള്ള വാക്സിനാണ് വികസിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതാണ് സംശയത്തിനിടയാക്കിയിട്ടുള്ളത് .മറ്റ് നിരവധി രാജ്യങ്ങൾ സമാനമായ പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്. വ്യക്തിഗതമായ കാൻസർ ചികിത്സ വികസിപ്പിക്കുന്നതിന് ജർമനി ആസ്ഥാനമായുള്ള ബയോഎൻടെക് കമ്പനിയുമായി ബ്രിട്ടീഷ് സർക്കാർ കരാർ ഒപ്പിട്ടതായി നേരത്തെ വാർത്ത വന്നിരുന്നു
മരുന്നു കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും പരീക്ഷണാടിസ്ഥാനത്തിൽ ഒരു കാൻസർ വാക്സിൻ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നു. മൂന്ന് വർഷത്തെ ചികിത്സയ്ക്ക് ശേഷം ചർമത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ കാൻസറായ മെലനോമ വീണ്ടും പിടിപെടാനും മരണം സംഭവിക്കാനുമുള്ള സാധ്യത പകുതിയായി കുറഞ്ഞതായി അവർ കണ്ടെത്തിയിരുന്നു.
സെർവിക്കൽ കാൻസർ ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരേ (എച്ച്പിവി) പ്രവർത്തിക്കുന്ന വാക്സിനുകളും കരളിനെ ബാധിക്കുന്ന കാൻസറിന് കാരണമായ ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേ(എച്ച്ബിവി) പ്രവർത്തിക്കുന്ന വാക്സിനുകളും ഇന്ന് ലഭ്യമാണ്.
Recent Comments