പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ആഭ്യന്തര വകുപ്പിനു തലവേദനയാവുന്നു. പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളില്‍ സിപിഎം നേതൃത്വവും അതൃപ്തരാണ്. സര്‍ക്കാരിന്റെ വിശ്വസ്തരില്‍ ഒരാളായ എംആര്‍ അജിത് കുമാറിനെതിരായ എംഎല്‍എയുടെ ആരോപണം ഗുരുതരമാണ്.
സംഭവം വിവാദമായപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. തുടര്‍ന്ന് എംഎല്‍എ ഇങ്ങനെ പറഞ്ഞു.
‘താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുന്നോട്ട് പോകും. പാര്‍ട്ടിയില്‍നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഇല്ല. ദൈവത്തെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം. അല്ലാതെ ഒരാള്‍ക്കും കീഴ്പെടുകയും ഭയപ്പെടുകയും ഇല്ല. എന്റെ നിലപാട് പാര്‍ട്ടിക്ക് വേണ്ടിയാണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ എം ആര് അജിത്കുമാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ പൊലീസില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. എം ആര് അജിത്കുമാര്‍ ആണ് അതിന്റെ തലവന്‍. എം ആര് അജിത്കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ്. പൊലീസിലെ ശുദ്ധീകരണത്തിനാണ് ശ്രമം. ആരുടെയും പിന്തുണ തേടിയിട്ടില്ല. ഞാന്‍ പോരാടുന്നത് വലിയ ഒരു വിഭാഗത്തോടാണ്.
സേനയിലെ ഒരു വിഭാഗത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത്കുമാര്‍ ആണ്. അജിത്കുമാറിന്റെ ഒന്നാം നമ്പര്‍ ശിഷ്യന് ആണ് സുജിത് ദാസ്. എഡിജിപിയായി അജിത്കുമാര്‍ തുടരണോ എന്നതില്‍ അഭിപ്രായം പറയുന്നില്ല. പൊലീസ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ള കേസില്‍ കുടുക്കും. അതാണ് പൊലീസ് രീതി. ഇനിയും ഈ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആവില്ല. ഇപ്പോഴും ഇത് പറഞ്ഞില്ലെങ്കില്‍ ഈ പാര്‍ട്ടിയും ഈ സര്‍ക്കാരും ഒന്നും ഉണ്ടാകില്ല. എഡിജിപിക്ക് എതിരെ അന്വേഷണം വന്നാല്‍ തെളിവുകള്‍ കൈമാറുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തെ തുടര്‍ന്ന് പത്തനംതിട്ട എസ് പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിത് അവധിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആര് അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എയോട് പത്തനംതിട്ട എസ്പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണ് എന്ന് സുജിത് ദാസ് അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ് വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയില്‍.
പൊലീസിലെ നെക്സസിനെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. അജിത്കുമാര്‍ ടെറര്‍ ആണ്. എന്ത് സാഡിസവും അജിത്കുമാര്‍ ചെയ്യും. എസ് പി സുജിത്ത്ദാസ് മലപ്പുറത്ത് നിരവധി നിരപരാധികള്‍ക്കെതിരെ കേസെടുത്തു. ആ കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ട്. നാളെ എന്നെ കള്ളക്കേസില്‍ കുടുക്കുകയും ജയിലാക്കുകയും ചെയ്തേക്കാം. അത് നേരിടാന്‍ തയ്യാറാണ്. ഇപ്പോഴെങ്കിലും താന്‍ ഇത് ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
പി വി അന്‍വര്‍ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണ പക്ഷ എംഎല്‍എയുടെ പരസ്യമായ അഴിമതി ആരോപണം സര്‍ക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.എഡിജിപി എം ആര് അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്.
ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എയും രംഗത്ത് എത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അന്‍വറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ ടി ജലീല്‍ എംഎല്‍എ ആവശ്യപ്പെട്ടു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
Recent Comments