ആദ്യം പരാതി, പിന്നെ മൊഴി മാറ്റല്‍. അങ്ങനെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയിരുന്നു.
ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് പോയിരുന്നു.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മര്‍ദനത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു.
യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിനു പിന്നാലെയാണ് യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസില്‍ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം നടത്തിയത്.
Recent Comments