കഴിഞ്ഞ ദിവസമാണ് സത്യന് അന്തിക്കാടിന്റെ ലൊക്കേഷനില്‍ വച്ച് ബാബുരാജിനെ കണ്ടത്. സത്യന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. സത്യന് സിനിമകളില്‍ ബാബുരാജിനെ കാണാത്തതുകൊണ്ടാണ് ആ ചോദ്യം അദ്ദേഹത്തോടുതന്നെ ചോദിച്ചത്.
‘ഇതാദ്യമായിട്ടാണോ സത്യന് അന്തിക്കാട് ചിത്രത്തില്‍…?
‘അതെ…’
നിറഞ്ഞ ചിരിയോടെ ബാബുരാജ് പറഞ്ഞു.
നിങ്ങള്‍ക്കറിയാമോ, ഞാന്‍ ആദ്യമായി നേരില്‍ കണ്ട സംവിധായകന് സത്യേട്ടനാണ്. ഞാന്‍ ആദ്യമായി ചാന്‍സ് ചോദിച്ചതും അദ്ദേഹത്തോടാണ്.
1988 ലാണെന്നാണ് ഓര്‍മ്മ. പട്ടണപ്രവേശനത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് കല്‍പ്പക ടൂറിസ്റ്റ് ഹോമില്‍ നടക്കുന്നു. ഞാനന്ന് മഹാരാജാസ് കോളേജില്‍ പഠിക്കുകയാണ്. ചാന്‍സ് ചോദിച്ചാണ് സത്യേട്ടന്റെ മുന്നിലെത്തിയത്. ഞാന്‍ കുട്ടികളെ വച്ചൊന്നും സിനിമ ചെയ്തിട്ടില്ലെന്നും ഈ ചിത്രത്തില്‍ എനിക്ക് പറ്റിയ വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അവിടംവിട്ടു പോകാന്‍ തോന്നിയില്ല. നിര്‍മ്മാതാവ് സിയാദ് കോക്കറെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ അനുജന് സൂദ് മഹാരാജാസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ്. ആ പരിചയം വച്ചാണ് സിയാദിക്കയെ സമീപിച്ചത്. സിനിമയുടെ ഭാഗമാകാന്‍ ഇഷ്ടമുണ്ടെങ്കില്‍ പ്രൊഡക്ഷനില്‍ കൂടിക്കോളാന്‍ അദ്ദേഹം പറഞ്ഞു. നാരായണന് മംഗലശ്ശേരിയാണ് അന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്. അങ്ങനെ അദ്ദേഹത്തിന്റെ സഹായിയായി ഒപ്പം കൂടി. എന്റെ പ്രധാന ജോലി ലൊക്കേഷന്‍ കണ്ടെത്തിക്കൊടുക്കലാണ്. പട്ടണപ്രവേശത്തിലെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്ന കൊപ്രാക്കളം ഞാന്‍ കണ്ടെത്തി കൊടുത്തതാണ്. ആലുവയ്ക്കടുത്ത് എനിക്കറിയാവുന്ന ഒരു കൊപ്രാക്കളമായിരുന്നു അത്. അങ്ങനെ സിനിമയിലെ പല രംഗങ്ങളിലെയും ലൊക്കേഷന്‍ കണ്ടെത്തിക്കൊടുത്തത് ഞാനായിരുന്നു.
ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ലാലേട്ടനും ശ്രീനിയേട്ടനും സിഐഡി വേഷത്തില്‍ വന്നിറങ്ങുന്ന ഷോട്ട്. അമ്പലമുകളില്വച്ചായിരുന്നു അത് ചിത്രീകരിച്ചത്. ആവേശത്തോടെ ഷൂട്ടിംഗ് കണ്ട് നടന്ന ആ നാളുകളാണ് സിനിമാനടനാകാനുള്ള ആഗ്രഹമാണ് എന്നില്‍ വളര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനും സിനിമയിലെത്തി. നല്ല വേഷങ്ങള്‍ ചെയ്യാനും ഭാഗ്യമുണ്ടായി. ജോജി എന്ന സിനിമ കണ്ടശേഷം അതിലെ എന്റെ പ്രകടനം നന്നായി എന്ന് പറഞ്ഞ് അഭിനന്ദിക്കാന്‍ സത്യേട്ടന് എന്നെ വിളിച്ചിരുന്നു. അന്ന് മാത്രമല്ല സത്യേട്ടനെ എവിടെവച്ച് കണ്ടാലും ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ചോദിക്കുമായിരുന്നു. അതിനൊരു സമയമുണ്ടെന്ന് സത്യേട്ടന് എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. കുറച്ച് നാളുകള്‍ക്കുമുമ്പ് സത്യേട്ടന്റെ കോള്‍ എന്നെത്തേടിയെത്തി. ഹൃദയപൂര്‍വ്വം എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ഒരു ചെറിയ വേഷമുണ്ടെന്ന് പറയാനായിരുന്നു ആ കോള്‍. ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീനുമുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറമാണെങ്കിലും ഞാന്‍ ആദ്യം ചാന്‍സ് ചോദിച്ചു ചെന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും മഹാഭാഗ്യമായി കരുതുന്നു. ബാബുരാജ് പറഞ്ഞുനിര്‍ത്തി.
Recent Comments