മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നുവെന്ന് ഇന്റലിജൻസ് വിവരം പുറത്തായതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മലയോര ജില്ലകളിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്ന് മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസ് ഡയറക്ടർ ജനറൽ, സുരക്ഷാ ഉപദേഷ്ടാവ്, ഹോം കമ്മീഷണർ എന്നിവർക്ക് നൽകിയ രഹസ്യാന്വേഷണ വിവരങ്ങളാണ് ചോർന്നത്. ഡ്രോൺ അധിഷ്ഠിത ബോംബുകൾ, പ്രൊജക്ടൈലുകൾ, മിസൈലുകൾ, ജംഗിൾ വാർഫെയർ എന്നിവയിൽ പരിശീലനം നേടിയ 900-ലധികം കുക്കി തീവ്രവാദികൾ മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് കടന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇന്റലിജൻസിന് നൽകിയ വിവരം. 30 ഗ്രൂപ്പുകളായി തിരിഞ്ഞാണ് തീവ്രവാദികൾ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നതെന്നും സെപ്റ്റംബർ 28 ഓടെ മെയ്തേയ് ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചുരാചന്ദ്പൂർ, ഫെർസാൾ, തെങ്നൗപാൽ, കാംജോങ്, ഉഖ്രുൽ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ ജില്ലാ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് കുൽദീപ് സിങ് പറഞ്ഞു.
Recent Comments