‘എന്റെ കഥയ്ക്ക് അനുയോജ്യനായ ഒരു കഥാപാത്രത്തെ തേടുമ്പോള്‍, ഇന്ദ്രന്‍സേട്ടന്‍ അല്ലാതെ മറ്റൊരഭിനേതാവും എനിക്കുമുന്നില്‍ ഉണ്ടായിരുന്നില്ല. ധ്യാന്‍ ശ്രീനിവാസന്‍ വഴിയാണ് ഇന്ദ്രന്‍സേട്ടനിലേയ്ക്ക് എത്തുന്നത്. ധ്യാന്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇതിന്റെ കഥ ഞാന്‍ ആദ്യം പറയുന്നതും ധ്യാനിനോടാണ്. കഥയും തിരക്കഥയും ഇന്ദ്രന്‍സേട്ടനും ഇഷ്ടമായി. അതിനുശേഷമാണ് എന്റെ കുട്ടിച്ചായനാകാന്‍ അദ്ദേഹം സമ്മതിക്കുന്നത്. അഞ്ഞൂറിലേറെ സിനിമകളിലൂടെ രാകിമിനുക്കി എടുത്തുവന്ന അഭിനേതാവാണദ്ദേഹം. ഒരസാമാന്യപ്രതിഭ. അദ്ദേഹത്തില്‍നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ‘ഹോമും’ ‘ഉടലും’ മാത്രമല്ല, അദ്ദേഹത്തിലെ അഭിനേതാവിനെ ഇനിയും പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനായിട്ടില്ല. അത്തരം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി ചെല്ലേണ്ടിയിരിക്കുന്നു.’ ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘ഉടലായിരുന്നില്ല ഞാന്‍ ആദ്യം എഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രം. അനശ്വരനായ നടന്‍ സത്യന്റെ ജീവിതകഥയാണ്. ജയസൂര്യയാണ് സത്യനെ അവതരിപ്പിക്കുന്നത്. ഫ്രൈഡേഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍സാറിന്റെ മക്കളുമായി നിരവധിത്തവണ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് തിരക്കഥയിലേയ്ക്ക് കടക്കുന്നത്. അവരില്‍നിന്ന് എല്ലാം റൈറ്റ്‌സുകളും എഴുതി വാങ്ങിയിരുന്നു. അതിനുംശേഷമാണ് അനൗണ്‍സ്‌മെന്റ് ഉണ്ടാകുന്നത്. ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡിന്റെ വരവ്. അതൊന്ന് ശാന്തമായി വീണ്ടും സിനിമയുടെ ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് കോവിഡിന്റെ രണ്ടാം വരവ് ആ പ്രതീക്ഷകളെയും തകര്‍ക്കുന്നത്. അതിനുശേഷമാണ് ഈ കോവിഡ് കാലത്ത് ചെയ്യാന്‍ കഴിയുന്ന ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതും ‘ഉടല്‍’ ഉണ്ടാകുന്നതും.’
‘ഒരു കുടുംബകഥയാണ് ഉടല്‍ പറയുന്നത്. ഒരു കുടുംബത്തിനുവേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകനാണ് കുട്ടിച്ചായന്‍. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ചയില്ല. ഇന്ദ്രന്‍സാണ് കുട്ടിച്ചായനെ അവിസ്മരണീയമാക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗ്ഗാകൃഷ്ണയും ജൂഡ് അന്തോണിയും ദിനേഷും അരുണ്‍ പുനലൂരുമാണ് ഇതിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’
‘ഒടിടിക്കുവേണ്ടി ചെയ്ത ചിത്രമാണെങ്കിലും തീയേറ്ററുകള്‍ സജീവമായതോടെ തീയേറ്റര്‍ റിലീസും ഇപ്പോള്‍ ആലോചനയിലുണ്ട്. അടുത്ത വര്‍ഷം ആദ്യം തീയേറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതും.’
‘സത്യന്റെ ബയോപിക്കും അടുത്തവര്‍ഷമുണ്ടാകും. ജയസൂര്യയുടെ ഡേറ്റിനും നിര്‍മ്മാതാവിന്റെ സമ്മതത്തിനുമായി കാത്തിരിക്കുന്നു.’ രതീഷ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനാണ് രതീഷ് രഘുനന്ദന്‍. അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന റിയാലിറ്റി ഷോയിലെ ആദ്യസീസണ്‍ വിജയിയായിരുന്നു രതീഷ്. തുടര്‍ന്ന് അമൃതാ ടിവിയില്‍തന്നെ റിപ്പോര്‍ട്ടറായി ഔദ്യോഗിക തുടക്കം. മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളിലും വര്‍ക്ക് ചെയ്തു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എഫ്.എം. സ്റ്റേഷനിലെ റേഡിയോ ജോക്കിയായും കുറേക്കാലം വര്‍ക്ക് ചെയ്തു. 2017 ല്‍ നാട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് സിനിമയുടെ സ്വപ്‌നങ്ങള്‍ക്ക് പിറകെ രതീഷ് സഞ്ചരിക്കുന്നതും ‘ഉടല്‍’ ആദ്യ സംവിധാനസംരംഭമാകുന്നതും.
ഹസീബ് മലബാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.
Recent Comments