ഡൽഹിയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രണ്ട് ദിവസത്തിനുള്ളിൽ രാജിവയ്ക്കും .ഇക്കാര്യം കെജ്രിവാൾ തന്നെയാണ് പ്രഖ്യാപിച്ചത് . മദ്യ നയ കേസിൽ തിഹാർ ജയിലിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത് . ജനങ്ങൾ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകുന്നതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജയിലിൽ പോയതിനെ തുടർന്ന് പ്രതിഛായയ്ക്ക് മങ്ങലേറ്റപ്പോൾ അത് തിരിച്ചു പിടിക്കാനുള്ള അടവാണിതെന്നാണ് പറയപ്പെടുന്നത് .
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആം ആദ്മി എംഎൽഎമാരുടെ യോഗം ചേരുമെന്നും പാർട്ടി നേതാവ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
“ആളുകൾ എനിക്ക് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ‘അഗ്നിപരീക്ഷയ്ക്ക് വിധേയമാവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സത്യസന്ധരാണെന്ന് ആളുകൾ പറയുമ്പോൾ മാത്രമേ ഞാൻ മുഖ്യമന്ത്രിയും മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയുമായി വീണ്ടും വരികയുള്ളൂ ” അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരിക്ക് പകരം 2024 നവംബറിൽ ദേശീയ തലസ്ഥാനത്ത് നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. 2025 ഫെബ്രുവരി മാസമാണ് കാലാവധി പൂർത്തിയാക്കി തെരെഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനു പകരം ഈ വർഷം നവംബറിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.നവംബറിൽ തെരെഞ്ഞെടുപ്പ് നടത്തണമെങ്കിൽ നിയമസഭ പിരിച്ചു വിടണം .
“സുപ്രീം കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന് ചിലർ പറയുന്നു. ഞങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അവർ പോലും ഒരു ശ്രമവും നടത്തിയില്ല… ഞാൻ സത്യസന്ധനാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, എനിക്ക് വലിയ തോതിൽ വോട്ട് ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിലും തിരഞ്ഞെടുപ്പ് നടത്തണം . തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടിക ഇപ്രകാരമാണ്
മന്ത്രിയായ അതിഷിക്കാണ് മുഖ്യമന്ത്രിയാവാൻ ഏറ്റവും കൂടുതൽ സാധ്യത .ഇവർ വനിതാ ശിശുവികസനം, വിദ്യാഭ്യാസം, ടൂറിസം, കല, സംസ്കാരം, ഭാഷ, പൊതുമരാമത്ത് വകുപ്പ്, ഊര്ജ്ജം എന്നീ അഞ്ച് വകുപ്പുകളുടെ മന്ത്രിയാണ് . .
നിയമം, നീതി, നിയമനിർമ്മാണം, ഗതാഗതം, ഭരണപരിഷ്കാരം, ഐടി, റവന്യൂ, ധനകാര്യം, ആസൂത്രണം, തുടങ്ങി എട്ട് വകുപ്പുകളുടെ മന്ത്രിയായ കൈലാഷ് ഗെലോട്ടിനും മുഖ്യമന്ത്രിയാവാൻ സാധ്യത കൽപ്പിക്കുന്നു.
വിജിലൻസ്, ആരോഗ്യം, വ്യവസായം, നഗരവികസനം, ജലസേചനം ഉൾപ്പെടെ ഏഴുവകുപ്പുകളുടെ മന്ത്രിയായ സൗരഭ് ഭരദ്വാജിനാണ് മുഖ്യമന്ത്രിയാവാൻ സാധ്യത. ദേശീയ തലസ്ഥാനത്തെ വികസനം, പൊതുഭരണ വകുപ്പ്, പരിസ്ഥിതി, വനം, വന്യജീവി മന്ത്രിയായ ഗോപാൽ റായ് യ്ക്കും മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട് . ഭക്ഷണം, വിതരണം, തിരഞ്ഞെടുപ്പ് വകുപ്പുകളുടെ മന്ത്രിയായ ഇമ്രാന് ഹുസൈനും മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട് . അതേസമയം, മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള കെജ്രിവാളിന്റെ പ്രഖ്യാപനത്തെ “പിആർ സ്റ്റണ്ട്” എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
“ഇത് അരവിന്ദ് കെജ്രിവാളിന്റെ പിആർ സ്റ്റണ്ട് ആണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ സത്യസന്ധനായ ഒരു നേതാവിന്റേതല്ല, മറിച്ച് അഴിമതിക്കാരനായ നേതാവിന്റേതാണെന്ന് അദ്ദേഹം മനസ്സിലാക്കി, ഇന്നിപ്പോൾ ആം ആദ്മി പാർട്ടി (എഎപി) രാജ്യത്തുടനീളം അറിയപ്പെടുന്നത് അഴിമതി പാര്ട്ടിയായിട്ടാണ്. തന്റെ പിആർ സ്റ്റണ്ടിന് കീഴിൽ, തന്റെ ഇമേജ് പുനഃസ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു… മൻമോഹൻ സിംഗിനെ ഡമ്മി പ്രധാനമന്ത്രിയാക്കുകയും തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് സർക്കാരിനെ നയിക്കുകയും ചെയ്ത സോണിയ ഗാന്ധി മോഡൽ പ്രയോഗിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്,” ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
Recent Comments